ധർമ്മതീർത്ഥർ ലാഹോറിൽ ➖➖➖➖➖➖➖➖➖➖ ലാഹോറിൽ ഒരു "ജാതി നാശിനി സഭ" ഉണ്ടായിരുന്നു. അതിന്റെ നേതാവായ ഹർ ഭഗവാൻ ഷെട്ടിയാണ് സ്വാമികളെ സ്വീകരിച്ച് അഞ്ചാറു വർഷക്കാലം താമസിപ്പിച്ചത്. അക്കാലമത്രയും സ്വാമികൾ നാടുനീളെ പ്രസംഗ പര്യടനങ്ങൾ നടത്തി വന്നു. ലഘുലേഖകൾ എഴുതി പ്രചരിപ്പിച്ചു. ചിലർ ധരിച്ചിരിക്കുന്നതു പോലെ ഹിന്ദുമതത്തിലെ ദുഷ്പ്രവണതകളെ എതിർത്തത് ആ മതത്തെ തകർക്കാനല്ല, അതിനെ നന്നാക്കാനാണ് സ്വാമികൾ ശ്രമിച്ചു കൊണ്ടിരുന്നത്. അതിനായി അദ്ദേഹം ഇന്ത്യ സോഷ്യൽ കോൺഗ്രസ്സ് എന്നൊരു പ്രസ്ഥാനമുണ്ടാക്കി. അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടത് , ഹിന്ദു കുടുംബങ്ങളെ ശാസ്ത്രീയ സംസ്കാരത്തിനും ആധുനിക ലോകത്തിനും ഒത്തതാക്കുക, ഹിന്ദു സമൂഹത്തിൽ ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ സിക്കുകാർ എന്നിവരെപ്പോലെ ഐക്യമത്യവും സ്വാതന്ത്ര്യവും സമത്വവും ഉണ്ടാക്കുക, മതസ്ഥാപനങ്ങളുടെ ഭരണത്തിൽ ഹിന്ദുക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുക, ഇന്ത്യയിലെ എല്ലാ സമുദായങ്ങളും പരസ്പര സ്നേഹത്തിലും സഹകരണത്തിലും കഴിയുക എന്നിവയായിരുന്നു. സ്വാമികളുടെ ഈ പ്രവർത്തനങ്ങൾ മൂലം മുസ്ളീം ക്രിസ്ത്യൻ സിക്ക് മതങ്ങളുടെയും ആര്യസമാജം, ബ്രഹ്മസമാജം എന്നിവയുടെയും നേതാക്കളുമായി നിരന്തരം ഇടപഴകാനും സാധിച്ചു. സിക്ക് നേതാവായ താരാസിംഗ്, മുസ്ലീം നേതാവായ മുഹമ്മദലി ജിന്ന, ഡോ.അംബേദ്കർ എന്നിവരുമായി ദീർഘ സംഭാഷണങ്ങൾ നടത്തി. കുടുംബ ജീവിതത്തെ പറ്റി ശാസ്ത്രീയ പഠനത്തിന് ഹാപ്പി ഹോം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. Yoga of happy home എന്ന പുസ്തകമെഴുതി. ഗീതാപ്രചരണത്തിന് Yoga for All- എന്ന പുസ്തകം രചിച്ചു. ഹിന്ദു മത നവീകരണത്തിന് Secret of Hindu Sanghatan എന്ന പുസ്തകവും രചിച്ചു. ഇതിനകം Menace of Hindu imperialiam എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെല്ലാം ചെലവു വഹിച്ചത് ജാതി നാശിനി സഭയായിരുന്നു. ഇനി ഒന്നു ചിന്തിക്കുക. പൊതു സമൂഹത്തിൽ ഇത്ര വ്യാപകമായി പ്രവർത്തിച്ച മറ്റൊരു ഗുരുദേവശിഷ്യനുണ്ടാവുമോ?.... ധർമ്മതീർത്ഥർ ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക്.... ➖➖➖➖➖➖➖➖➖➖➖ ഹിന്ദു കുടുംബങ്ങളെ നന്നാക്കുവാൻ സ്വാമികൾ ലാഹോറിൽ പല പ്രവർത്തനങ്ങളും നടത്തിയിരുന്നല്ലൊ. എന്നും അദ്ദേഹത്തിന് പ്രസംഗ പര്യടനമുണ്ടായിരുന്നു. ഹിന്ദുമതത്തെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമായിരുന്നു അതിന്റെ ദൂഷ്യങ്ങളെ വിമർശിക്കുന്ന പുസ്തകം എഴുതിയത്. എന്നാൽ ശുദ്ധമായ ഹിന്ദുമത തത്ത്വങ്ങൾ അവതരിപ്പിക്കുവാൻ എന്തു വേണമെന്ന് സ്വാമികൾ ഏറെ ആലോചിച്ചു. അത് ഭഗവത്ഗീതയിൽ അദ്ദേഹം ദർശിച്ചു. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ സ്വീകാര്യമായ തരത്തിൽ ഗീതയെ അവതരിപ്പിച്ചു കൊണ്ട് Geetha for all എന്ന പുസ്തകം സ്വാമികളെഴുതി. ഇതിനെ ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്ത്വമായി അവതരിപ്പിച്ചു കൊണ്ടായി പീന്നീടുള്ള പ്രസംഗങ്ങൾ. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ ഈ ഗീതാമതത്തെ അടിസ്ഥാനമാക്കി ഹിന്ദുമത പരിഷ്കരണം നടത്തുവാനായി സ്വാമികൾ അദ്ധ്യക്ഷനായി ഹിന്ദു മിഷനറി സൊസൈറ്റി എന്ന പ്രസ്ഥാനം രൂപീകരിച്ചു. ഇങ്ങനെ ലാഹോറിൽ സ്വാമികൾ നടത്തുന്ന പ്രവർത്തനങ്ങളും അതിന്റെ ചലനങ്ങളും നിരീക്ഷിച്ചിരുന്ന ഒരു ധനികൻ അദ്ദേഹത്തെ ഡൽഹിയിലേക്ക് ക്ഷണിച്ചു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനവും നൽകി. അങ്ങനെ, കൂടുതൽ സൗകര്യങ്ങളോടെ കുറെക്കൂടി വ്യാപകമായ പ്രവർത്തനങ്ങൾ നടത്താമെന്ന കണക്കുകൂട്ടലിൽ സ്വാമികൾ ഡൽഹിയിലേക്ക് പോവുകയാണ്.... ദൈവമേ...! എന്തു മാരണമാണോ അവിടെ കാത്തിരിക്കുന്നത്....! ദിവ്യനോ ദൈവമോ ആകാനുള്ള അവസരം ധർമ്മതീർത്ഥർ കളഞ്ഞുകുളിച്ചു !.... ➖➖➖➖➖➖➖➖➖➖ ഡൽഹിയിലേക്ക് സ്വാമികളെ ക്ഷണിച്ച ആൾ ഒരു ഹിന്ദുമത പ്രവർത്തകനും എഴുത്തുകാരനും പ്രസ്സുടമയും ഫിലിം ഡിസ്ട്രിബ്യൂട്ടറും ഒക്കെ ആയിരുന്നു. താമസ സൗകര്യവും പ്രവർത്തനങ്ങൾക്കുള്ള ചെലവുകളും അയാൾ വാഗ്ദാനം ചെയ്തു. അങ്ങനെ സ്വാമികൾ ഡൽഹിയിലെത്തി അയാൾ ഒരുക്കിയ വാടക കെട്ടിടത്തിൽ താമസം തുടങ്ങി. അയാൾ സ്വാമികളെ പലവട്ടം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അങ്ങനെ അയാളുടെ തനി നിറം സ്വാമി മനസ്സിലാക്കി. നല്ല ഒരു ഭാര്യയും രണ്ടു മക്കളുമുളള അയാൾ മറ്റൊരു സ്ത്രീയെ കൂടി പൊറുപ്പിച്ചിരുന്നു. സ്വാമികളെ കൊണ്ട് പറയിച്ച്, അവളെ രണ്ടാംഭാര്യയായി വീട്ടിൽ കൂട്ടാൻ യഥാർത്ഥ ഭാര്യയെ കൊണ്ട് സമ്മതിപ്പിക്കാൻ വേണ്ടിയായിരുന്നത്രെ സ്വാമിയെ കാര്യമായി വീട്ടിലേക്ക് ക്ഷണിച്ചത് ! സ്വാമിയുണ്ടോ വഴങ്ങുന്നു.... അയാൾ നല്ലൊരു ഓഫർ സ്വാമിക്ക് നൽകി. ഒരു ആശ്രമത്തിൽ ജന സമ്പർക്കമില്ലാതെ സ്വാമി ധ്യാനത്തിൽത്തന്നെ കഴിയണം. സ്വാമി വലിയ ദിവ്യനാണെന്നും മറ്റും അയാൾ പ്രചരിപ്പിച്ചു കൊള്ളും. സ്വാമിയുടെ രചനകളും മറ്റും അച്ചടിച്ച് വിൽക്കും, ചൂടപ്പം പോലെ അവ വിറ്റഴിയും.... ഇതൊക്കെ ആയിരുന്നു അയാളുടെ ഓഫർ.... അതിനും സ്വാമി വഴങ്ങിയില്ല. അവസാനം അയാൾ ഒരു കുരുട്ടുബുദ്ധി പ്രയോഗിച്ചു. ഒരു ദിവസം അൽപ്പം വികാരവായ്പോടെ സ്വാമികളെ സമീപിച്ച്, തനിക്ക് ഒരു ദിവ്യാനുഭവം ഉണ്ടായെന്നും, ആകാശത്തിൽ നിന്നൊരു ചൈതന്യപ്രഭ ഇറങ്ങി വന്ന് തന്റെ ഹൃദയത്തിലേക്ക് പ്രവേശിച്ചെന്നും ആ പ്രഭയ്ക്കുള്ളിൽ ധർതീർത്ഥർ വിളങ്ങിനിന്നെന്നും, തന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ധർമതീർത്ഥർ തന്റെ ദിവ്യഗുരുവാണെന്നും അതിനാൽ താൻ അവിടത്തെ ശിഷ്യനാണെന്നും വിശദീകരിച്ചു. സ്വാമി ഇത് ചിരിച്ച് തള്ളി. അയാൾ ഹിന്ദു മിഷനറി സംഘത്തിൽ വലിയൊരു തുക അടച്ചിരുന്നു. തന്റെ വിദ്യകൾ ഫലിക്കാതെ വന്നപ്പോൾ അയാൾ ആ പണം സ്വാമിയോട് തിരിച്ചു വാങ്ങി. അയാൾ ഏർപ്പെടുത്തിയ കെട്ടിടത്തിൽ നിന്ന് സ്വാമി ഒഴിയുകയും ചെയ്തു. അങ്ങനെ ആ ബന്ധം മുറിഞ്ഞു. പിന്നൊരവസരത്തിൽ അയാൾ വിഷണ്ണനായി സ്വാമികളെ സമീപിച്ച് മാപ്പിരന്ന് അന്നത്തെ പണം തിരിച്ചേൽപ്പിക്കുന്നു. സ്വാമിയിൽ നിന്നും ആ പണം തിരിച്ചു വാങ്ങിയ ശേഷം, അയാൾക്ക് അടിക്കടി പരാജയമുണ്ടായത്രെ. ആ രണ്ടാം സ്ത്രീയെ കയ്യൊഴിയാൻ അയാൾക്കായില്ല. എല്ലാം നഷ്ടപ്പെട്ട് ഭ്രാന്തനായി അയാൾ കാലം കഴിച്ചു.... (എന്തായാലും സ്വാമി അയാൾ പറഞ്ഞതു കേട്ടിരുന്നെങ്കിൽ, ഒരു ദിവ്യനായി ഇന്ന് വല്ല ക്ഷേത്രത്തിലെയും പ്രതിഷ്ഠയായി ഇരിക്കുമായിരുന്നു - അല്ലെ?) തീർന്നില്ല, ഒരു മാരണം കൂടി സ്വാമികളുടെ തലയിൽ വന്നു കയറുന്നുണ്ട്.. പൊലീസിന്റെയും ഉദ്യോഗസ്ഥന്റെയും വിരട്ടൽ ➖➖➖➖➖➖➖➖➖➖➖ ധർമ്മതീർത്ഥർ സ്വാമിക്ക് ഡൽഹിയിലെ ആദ്യ താമസസ്ഥലം ഒഴിയേണ്ടി വന്നപ്പോൾ, ഏറെ അന്വേഷിച്ചതിനു ശേഷമാണ് മറ്റൊരു വീട് തരപ്പെട്ടത്. അധിക സൗകര്യമുണ്ടായിരുന്ന ആ വീട്ടിൽ സ്വാമികളുടെ ഒരു സുഹൃത്തിന്റെ നിർബന്ധപ്രകാരം അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ ഒപ്പം താമസിപ്പിക്കേണ്ടതായി വന്നു. അയാൾ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അയാളാകട്ടെ നേരത്തെ ധാരണയിലെത്തിയ പ്രകാരമുള്ള മാസ വാടക കൊടുക്കാൻ തയ്യാറായില്ല. ചോദിച്ചപ്പോൾ അയാൾ ധിക്കാരപൂർവ്വം സ്വാമികളെ അസഭ്യങ്ങൾ പറഞ്ഞ് ആക്ഷേപിച്ചു.... സ്വാമികൾക്ക് വാശിയായി... അയാൾ ജോലിക്ക് പോയ സമയം നോക്കി സ്വാമികൾ ആ വീട് ഒഴിഞ്ഞു. അയാളുടെ സാധനങ്ങൾ ഭദ്രമായി കാർ ഷെഡ്ഡിൽ ഇറക്കി വെച്ചിരുന്നു. ഒഴിഞ്ഞ ആ വീട്ടിലേക്ക് പുതിയ താമസക്കാരെയും പ്രവേശിപ്പിച്ചിരുന്നു. അയാൾ ജോലി കഴിഞ്ഞ് വന്നപ്പോൾ ക്ഷുഭിതനായി സ്വാമികളോട് തട്ടിക്കയറി. രക്ഷയില്ലെന്ന് കണ്ട് പോലീസിൽ കേസ് കൊടുത്തു. പോലീസ് സ്വാമികളെ നന്നായി വിരട്ടിയെങ്കിലും, വക്കീലായിരുന്ന സ്വാമികൾ തന്റേടത്തോടെ തന്റെ ഭാഗം വാദിച്ചപ്പോൾ പോലീസിന് അത് അംഗീകരിക്കേണ്ടി വന്നു . അവസാനം അയാൾക്ക് പോലീസിനോട് മാപ്പിരക്കേണ്ടി വന്നു. കൂടെ താമസിപ്പിക്കുന്നതിനു മുമ്പ് അയാളോട് എഴുതി വാങ്ങിയിരുന്ന ഒരു എഗ്രിമെന്റാണ് സ്വാമികൾക്ക് തുണയായത്. സ്വാമികൾ ഓരോ കാര്യവും ചെയ്തിരുന്നത് എത്ര കരുതലോടെയും സൂക്ഷ്മതയോടെയും ആയിരുന്നു എന്നതിന് ഒരുദാഹരണമാണിത്. പറഞ്ഞുറപ്പിച്ച കൂലിയെക്കാൾ കൂടുതൽ പണമാവശ്യപ്പെട്ട ചുമട്ടു ബാലനോട് സ്വാമി കയർത്തു. അവന് പണമാവശ്യമുണ്ടെങ്കിൽ താൻ നൽകും. പക്ഷെ കൂലി ഇങ്ങനെ അന്യായമായി ആവശ്യപ്പെട്ടാൽ നൽകില്ലെന്ന് സ്വാമി ശഠിച്ചു. മദ്ധ്യസ്ഥർക്ക് അതിനോട് യോജിക്കേണ്ടി വന്നു. ഇനി, സ്വാമികളുടെ ഡൽഹിയിലെ പ്രവർത്തനങ്ങളിലേക്ക്... ധർമ്മതീർത്ഥ സ്വാമികൾ ഡൽഹിയിൽ ശ്രദ്ധേയനാകുന്നു.... ➖➖➖➖➖➖➖➖➖➖ ധർമ്മതീർത്ഥർ സ്വാമികൾ ഡൽഹിയിൽ പല പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ലാഹോറിലെ ജാതിനാശിനി സഭ യുടെ നേതാവായ ഹർ ഗോവിന്ദ് ഷെട്ടി സ്വാമിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. അദ്ദേഹം ലാഹോറിൽ നിന്ന് കൂടെക്കൂടെ ഡൽഹിയിലെത്തി സ്വാമിയെ സഹായിച്ചു കൊണ്ടിരുന്നു. ലാഹോറിലാരംഭിച്ച ഹിന്ദു മിഷനറി സൊസൈറ്റി യുടെ ആസ്ഥാനം ഡൽഹിയിലാക്കി. അതിലേക്ക് അംഗങ്ങളെ ചേർത്തു. ഹാപ്പി ഹോം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ഹിന്ദു യുവതീ യുവാക്കൾക്കായി ഒരു മാസം നീണ്ട ക്ലാസ്സുകൾ നടത്തി. സമാധാനപരമായ കുടുംബങ്ങൾ എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതിലേക്ക് യോഗ ഓഫ് ഹാപ്പി ഹോം, സീക്രട്ട് ഓഫ് ഹാപ്പി ഹോം ലൈഫ് എന്നീ പുസ്തകങ്ങളും സ്വാമി രചിക്കുകയുണ്ടായി. ഇതിനിടയിൽ ഒരു കോടീശ്വരനായ വ്യവസായി സ്വാമികളുടെ ആരാധകനായി വന്നു. അദ്ദേഹം പ്രായമായപ്പോൾ മക്കൾക്ക് ചുമതലകൾ കൈമാറി, ഒരു നിശ്ചിത സ്വത്തു നീക്കി വച്ച് ധർമ്മ കാര്യങ്ങൾക്ക് ചെലവഴിച്ചു വരികയായിരുന്നു.. സ്വാമിയുടെ പുസ്തകങ്ങൾ അച്ചടിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന് സ്വന്തമായി ഡൽഹിയിലും അലഹബാദിലും കാശിയിലും താമസ സ്ഥലങ്ങൾ ഉണ്ടായിരുന്നു. അവിടങ്ങളിലെല്ലാം അദ്ദേഹം സ്വാമികളെ കൊണ്ടുപോയി താമസിപ്പിക്കുകയും പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്തു വന്നു. സാത്വികനും ധർമ്മിഷ്ഠനും ആയിരുന്ന അദ്ദേഹം സ്വാമികളുടെ ശിഷ്യനെന്നോണമാണ് പ്രവർത്തിച്ചത്. രാംഗോപാൽ മൊഹത്ത എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. (ഇത്ര നല്ല അനുയായികളെയും സൗകര്യങ്ങളും അംഗീകാരവും കിട്ടിയിട്ടും സ്വാമികൾ കേരളത്തിലേക്ക് തിരിച്ചു പോന്നത് എന്തെന്നത് ഒരത്ഭുതമാണ്..... മറ്റൊരാളായിരുന്നെങ്കിൽ വട്ടെന്ന് പറയാമായിരുന്നു!) ഡൽഹിയിൽ വച്ചാണ് ഡോക്ടർ അംബേദ്കർ ധർമ്മതീർത്ഥരെ കാണാൻ ആഗ്രഹിക്കുന്നതും സ്വാമി ചെന്നു കാണുന്നതും.... അംബേദ്കർ ഞെട്ടി!! ഡോക്ടർ അംബേദ്കർ- ധർമ്മതീർത്ഥർ കൂടിക്കാഴ്ച ➖➖➖➖➖➖➖➖➖➖ ധർമ്മതീർത്ഥരുടെ Menace of Hindu imperialism എന്ന പുസ്തകം ഡോ.അംബേദ്കറെ വല്ലാതെ ആകർഷിച്ചു. അദ്ദേഹം ജാതിവ്യവസ്ഥയ്ക്ക് എതിരെ എഴുതിയും പ്രസംഗിച്ചും മനുസ്മൃതി കത്തിച്ചും വലി പ്രക്ഷോഭണങ്ങൾ നടത്തിവരികയായിരുന്നു. ലക്ഷക്കണക്കിന് അനുയായികളുമായി ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കാനും തയ്യാറെടുക്കുകയായിരുന്നു. അതിനുള്ള കാരണങ്ങൾ യുക്തിയുക്തമായി സ്വാമിയുടെ പുസ്തകത്തിൽ ഭംഗിയായി വിവരിച്ചതു കണ്ടപ്പോൾ, അംബേദ്കർ സ്വാമിയെ കാണാൻ ആഗ്രഹിച്ചു. അദ്ദേഹം കാർ അയച്ച് സ്വാമികളെ ക്ഷണിച്ചു വരുത്തി. ഇതിനകം, സ്വാമികൾ നടത്തിവരുന്ന സാമൂഹ്യ പ്രവർത്തനങ്ങളെയും അംബേദ്കർ ശ്രദ്ധിച്ചിരുന്നു. ഹിന്ദുമതത്തിലെ ദൂഷ്യങ്ങളെ ഇതുപോലെ തുറന്നു കാട്ടിയ സ്വാമികളുടെ ഉപദേശവും ഒരു പക്ഷെ സേവനവും തങ്ങൾക്ക് ലഭിക്കുമോ എന്നാരായാനും കൂടി അംബേദ്കർ ഉദ്ദേശിച്ചിരുന്നു. ബുദ്ധമതക്കാരും മുസ്ളീങ്ങളും സിക്കുകാരും അവരെ തങ്ങളോടു ചേരാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. അംബേദ്കർ സ്വാമിയുടെ അഭിപ്രായം ചോദിച്ചു. സ്വാമി പറഞ്ഞത് "നിങ്ങൾ കൃസ്തുമതം സ്വീകരിക്കുന്നതാണ് നല്ലത്" എന്നാണ്. അംബേദ്കർ മിഴിച്ചിരുന്നു പോയി ! ഒരു ഹിന്ദു സന്ന്യാസി ഇങ്ങനെ പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതാനാവുമായിരുന്നില്ല. സ്വാമി അതിനു പറഞ്ഞ ന്യായം ശ്രദ്ധിക്കുക: ഹരിജനങ്ങൾക്ക് ഉയരാനാവശ്യമായ വിദ്യാഭ്യാസത്തിനുളള പള്ളിക്കൂടങ്ങളും ചികിത്സയ്ക്കുള്ള ആശുപത്രികളും തൊഴിലിനുള്ള വ്യാപാര വ്യവസായങ്ങളും ധനകാര്യ സ്ഥാപനങ്ങളും കൂട്ടം കൂടാനുള്ള സൗകര്യങ്ങളും നന്നായി നയിക്കുവാനുള്ള വൈദിക നേതൃത്വവും സേവനത്തിനുള്ള ആളുകളും ഏറ്റവും കൂടുതലുള്ളതും ആവശ്യത്തിന് ഉണ്ടാക്കാൻ ശേഷിയുള്ളതും ക്രിസ്തുമതത്തിനാണ്. മറ്റ് മതങ്ങൾക്ക് ആ വക സൗകര്യങ്ങളില്ല... ( ആവക സൗകര്യങ്ങൾ ഹിന്ദുമതത്തിൽ ഒരുക്കുക ലക്ഷ്യമിട്ട് സ്വാമികൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ നിന്ന്, ഹിന്ദുമതത്തിൽ അവയൊന്നും പെട്ടെന്ന് സാധിക്കില്ലെന്ന് സ്വാമികൾ മനസ്സിലാക്കി തുടങ്ങിയിരുന്നു ) സ്വാമികളുടെ ഈ വാദം ശരിയാണെന്ന് അംബേദ്കർ അംഗീകരിച്ചു. പക്ഷെ, ബുദ്ധമതം സ്വീകരിക്കാൻ കാലേകൂട്ടി ഒരുങ്ങിയിരുന്നതിനാലും, ഭാരതീയ മതമെന്ന നിലയിൽ ഹിന്ദുമതത്തോട് ചില സാധർമ്മ്യങ്ങൾ ഉള്ളതു കൊണ്ടും ബുദ്ധമതം തന്നെ മതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ക്രിസ്തുമതത്തിലേക്ക് പോകുന്നത് വീടുമാറുന്നതു പോലെയും ബുദ്ധമതത്തിലേക്ക് പോകുന്നത് ഒരു വീട്ടിലെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുന്നതു പോലെയാകുമെന്നുമാണ് അംബേദ്കർ നിരീക്ഷിച്ചത്. എന്നുവച്ചാൽ ഭാരതീയ പാരമ്പര്യം വിടാൻ അംബേദ്കർക്ക് മനസ്സിലായിരുന്നു എന്നു ചുരുക്കം! മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു തത്ത്വം ഉള്ളിലുണ്ടായിരുന്നതു കൊണ്ടാണ് താൻ അംബേദ്കറോട് അങ്ങനെ നിർദ്ദേശിച്ചത് എന്നാണ് സ്വാമികൾ പിന്നീട് പറഞ്ഞത്... ഒന്നുറപ്പാണ്. വിദ്യാസമ്പന്നതും നിയമജ്ഞനുമായ സ്വാമികളെ, മഹാപണ്ഡിതനും നിയമജ്ഞനുമായ അംബേദ്കർക്ക് നന്നായങ്ങ് ബോധിച്ചിരുന്നു. സ്വാമികൾ ഡൽഹി വിടാതിരുന്നെങ്കിൽ ആ ബന്ധം പലരീതിയിൽ വളരുമായിരുന്നു.... പഞ്ചാബ് ബ്രാഹ്മണരുടെ കുടില ബുദ്ധിയ്ക്കെതിരെ ധർമ്മതീർത്ഥരുടെ ഇടപെടൽ ➖➖➖➖➖➖➖➖➖➖ ആയിടയ്ക്ക് പഞ്ചാബ് നിയമസഭയിൽ ഒരു ബിൽ അവതരിപ്പിക്കപ്പെട്ടു. എല്ലാ ഹിന്ദുക്ഷേത്രങ്ങളും ഒരു ഹിന്ദു കമ്മറ്റിയുടെ കീഴിലാക്കുക എന്നാണ് ഇതിന്റെ ലക്ഷ്യമായി പ്രചരിപ്പിച്ചത്. അതിനെ എല്ലാവരും സ്വാഗതം ചെയ്തു. ധർമ്മതീർത്ഥർ ഈ ബിൽ പഠിച്ചു. ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കുന്നതാണ് അതിലെ പല വകുപ്പുകളുമെന്ന് സ്വാമി മനസ്സിലാക്കി. ആര്യ സമാജത്തിന്റെയും ബ്രഹ്മസമാജത്തിന്റെയും സ്വാധീനത്തെ ചെറുക്കുക എന്ന ദുഷ്ടലാക്കും അതിന്റെ പിന്നിലുണ്ടായിരുന്നു. ആരും തന്നെ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. സ്വാമികൾ ആ ബില്ലിന്റെ അപകടത്തെ പറ്റി A Crawling order for Hindus എന്നൊരു ലഘുലേഖ എഴുതി അച്ചടിച്ച് പ്രചരിപ്പിച്ചു. അതോടെ അബ്രാഹ്മണരായ ഹൈന്ദവ സംഘങ്ങളും നേതാക്കളും യോഗം ചേർന്ന് ബില്ലിനെതിരെ പ്രമേയങ്ങൾ പാസ്സാക്കി അയച്ചു തുടങ്ങി. അതോടെ മന്ത്രിക്ക് ബിൽ പിൻവലിക്കേണ്ട ഗതികേടുണ്ടായി. സവർണ്ണ ഹിന്ദു നേതാക്കളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാൻ ഇത് അവർണ്ണ ഹിന്ദുക്കളെ സഹായിച്ചു. അത് ഗുണം ചെയ്തത് സിക്ക് മതത്തിനാണ്. അർണ്ണ ജാതിക്കാർ വലിയതോതിൽ സിക്ക് മതം സ്വീകരിച്ചത് ഈ സംഭവത്തോടെയാണ്. അതിന് സിക്ക്കാർ നന്ദി പറയേണ്ടത് ധർമ്മതീർത്ഥരോടാണ്. ആ ബില്ലിലെ ചില വ്യവസ്ഥകൾ നോക്കൂ: ഹിന്ദുക്കൾ ചാതുവർണ്യ വ്യവസ്ഥ അംഗീകരിക്കണം. പുരാണങ്ങൾ വിശ്വസിക്കണം. വിഗ്രഹാരാധനയിൽ വിശ്വസിക്കണം. മഠാധിപതിമാരും പുരോഹിതരും ബ്രാഹ്മണരായിരിക്കണം.... ചുരുക്കത്തിൽ ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കുന്നതായിരുന്നു ആ ബിൽ. രാഷ്ട്രീയ നേതാക്കൾ പോലും ഗൗരവമായി കാണാഞ്ഞ ആ ബിൽ സ്വാമികളുടെ മാത്രം ശ്രദ്ധ കൊണ്ടാണ് നടക്കാതെ പോയത്. ( ധർമ്മതീർത്ഥസ്വാമി കീ ജയ്....! എന്നു വിളിക്കാൻ തോന്നുന്നില്ലേ?....!) ധർമ്മതീർത്ഥർ ഹിമാലത്തിൽ ഒരു മാസം ഒരു ഡോക്ടർ സുഹൃത്തിനൊപ്പം താമസിച്ചു. മാരകമായ മലേറിയ ബാധിച്ച അദ്ദേഹം ഉപവാസ ചികിത്സയിൽ മുഴുകി നാലാം ദിനം മഞ്ഞു വെള്ളത്തിൽ കുളിച്ച് അത്ഭുതം കാട്ടി. ഡോക്ടറുടെ ഉപദേശമോ ശാസനയോ ഒന്നും വിലപ്പോയില്ല. സ്വാമിയുടെ ആയുർവേദ വിജ്ഞാനം സ്വന്തം ചികിത്സയ്ക്കു മാത്രമല്ല, കേട്ടറിഞ്ഞു വന്ന അനേകർക്ക് കൂടി ഉപകാരപ്പെട്ടിരുന്നു. ആന്ധ്രയിൽ വച്ച് പരിചയിച്ച കൈരേഖാ ശാസ്ത്രവിദ്യ ചിലരെയൊക്കെ ആശ്വസിപ്പിക്കാനും ഉപകരിച്ചത്രെ. ഡൽഹിയിൽ താമസിച്ചപ്പോൾ അവിടെ പടർന്നു പിടിച്ച മലേറിയ അനേകരുടെ ജീവനെടുത്തു. സ്വാമിക്കും പിടിച്ചു. അപ്പോഴും ഉപവാസ ചികിത്സ കൊണ്ട് രോഗം ഭേദപ്പെട്ടു. ഇതിനെ സ്വാമിയുടെ സിദ്ധിയായി സ്നേഹിതർ കരുതിയതിൽ അത്ഭുതമില്ല. ഈശ്വരവിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നായിരുന്നു സ്വാമിയുടെ വാദം! കാശിയിൽ വച്ച് തുണി കരയ്ക്ക് വച്ച് കുളിക്കാനിറങ്ങിയ സ്വാമിയുടെ പഴ്സ് മോഷണം പോയി. ആകെ വലഞ്ഞ്, ഒടുവിൽ ഒരു മഠത്തിലെത്തി വണ്ടിക്കൂലി തരപ്പെടുത്തിയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. സ്വാമികൾ 1937-ൽ ചെമ്പഴന്തിയിൽ നിന്നാരംഭിച്ച യാത്ര 1947-ൽ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. സ്വാമിജിയുടെ മനം മടുപ്പിച്ച സാഹചര്യം എന്തായിരിക്കും?..... ഏതായാലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ! ധർമ്മതീർത്ഥർ കേരളത്തിലേക്ക്.... നിങ്ങളെന്നെ ക്രിസ്ത്യാനിയാക്കി ! ➖➖➖➖➖➖➖➖➖➖ 1947-ൽ സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് ഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ ഹിന്ദു-മുസ്ളീം കലാപത്തിന്റെ പശ്ചാത്തലത്തിൽ സ്വാമികളുടെ പ്രവർത്തനം അവിടെ അസാദ്ധ്യമായി തീർന്നു. അങ്ങനെ 11 വർഷത്തിനു ശേഷം അദ്ദേഹം മടങ്ങിയെത്തിയത് ചെമ്പഴന്തിയിലാണ്. യാന്ത്രികമായി നടക്കുന്ന മന്ത്രതന്ത്ര പൂജാദികൾ, വിഗ്രഹാരാധന, മനുഷ്യാരാധന, ആഘോഷ ഭ്രമങ്ങൾ മുതലായവയോട് സ്വാമികൾക്ക് വിരക്തി തോന്നി. പാവങ്ങളിൽ നിന്നും പല തരത്തിൽ പണം വസൂലാക്കാനാണ് മഠാധികാരികൾ ശ്രമിക്കുന്നത്. എന്നാൽ പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ ശ്രമിക്കുന്നുമില്ല. ഇക്കാര്യത്തിൽ ആർക്കും ശ്രദ്ധയില്ലെന്ന് കണ്ടപ്പോൾ സ്വാമികൾ സ്വന്തമായി അതിനു ശ്രമിച്ചുതുടങ്ങി. ഉള്ള സമ്പാദ്യം വിനിയോഗിച്ച് ചെമ്പഴന്തിയിൽ ഒരു വീടും പുരയിടവും വാങ്ങി. അവിടെ ഒരു വൈദ്യശാല പ്രവർത്തിച്ചു തുടങ്ങി. ഗവൺമെന്റിൽ നിന്നും പാൽപ്പൊടിയും ബിസ്കറ്റും വിറ്റാമിൻ ഗുളികകളും മറ്റും സംഘടിപ്പിച്ച് ദരിദ്രരുടെ കുട്ടികൾക്ക് വിതരണം ചെയ്തു തുടങ്ങി. സ്വാമികൾ ഇങ്ങനെ ഓരോന്നു ചെയ്തു തുടങ്ങിയപ്പോൾ, പലർക്കും കണ്ണിൽക്കടിയായി. രണ്ടുകൊല്ലമായപ്പോഴേക്കും, സ്വാമികൾക്ക് ഏതാണ്ട് ഭ്രഷ്ട് കൽപ്പിച്ച പോലായി. ഭീഷണിയുടെ കാര്യം പറയാനുമില്ല.... വളരെ വിഷമത്തോടെ, നിൽക്കക്കള്ളിയില്ലാതെ സ്വാമികൾ ചെമ്പഴന്തിയിലെ പ്രവർത്തനം നിർത്തി. സ്വാമികളുടെ അവസ്ഥ അറിഞ്ഞ ഏതാനും ക്രിസ്ത്യാനി സ്നേഹിതർ, തത്കാലം വിശ്രമിക്കാൻ ഒരു ക്രിസ്തുകുല ആശ്രമത്തിലേക്ക് ക്ഷണിച്ചു. അവിടെ താമസിച്ച ഒരു മാസക്കാലം സ്വാമികൾ ഗാഢമായി പലതും ചിന്തിച്ചു. ശല്യമില്ലാതെ പ്രവർത്തിക്കാൻ സഭയിൽ ചേരുകയാണ് നല്ലതെന്ന് അവസാനം അദ്ദേഹം തീരുമാനിച്ചു. സത്യത്തിൽ ആരും ഒരു പ്രേരണയും ചെലുത്തിയിരുന്നില്ല. അങ്ങനെ സ്വന്ത തീരുമാനപ്രകാരം സ്വാമികൾ 1949 -ൽ തിരുവനന്തപുരം ക്രൈസ്റ്റ് ചർച്ചിൽവച്ച് സ്നാനമേറ്റ് ജോൺ ധർമ്മതീർത്ഥരായി... അതിനുശേഷമാണ് അദ്ദേഹം ശിവഗിരി ധർമ്മസംഘത്തിൽ നിന്ന് രാജി വയ്ക്കുന്നത്. താൻ സ്വന്തമായി ചെമ്പഴന്തിയിൽ വാങ്ങിയിരുന്ന വീടും പുരയിടവും വിൽക്കുകയും ചെയ്തു.... (ഇത്രയും അറിഞ്ഞല്ലൊ. മതം മാറിയ സ്വാമികളുടെ അനന്തരഗതി അറിയണോ? 25 പേരെങ്കിലും ഈ കുറിപ്പിനോട് പ്രതികരിച്ചാൽ അതു കൂടി പറയാം. മുടിഞ്ഞ കൂത്ത് ഇരുന്നു കേൾക്കണം !!) ധർമ്മതീർത്ഥർ കോട്ടയത്ത്..... പാപിചെല്ലുന്നിടം പാതാളം! ➖➖➖➖➖➖➖➖➖➖l സ്വാമി ക്രിസ്തുമതം സ്വീകരിച്ചു. (അഥവാ നാം അദ്ദേഹത്തെ ക്രിസ്ത്യാനിയാക്കി!) അദ്ദേഹം ഒരു വികാരി ആയല്ല, മിഷനറി (സുവിശേഷ പ്രസംഗകൻ) ആയാണ് കഴിയുന്നത്. അദ്ദേഹം കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമത്തിലേക്ക് നിയോഗിക്കപ്പെട്ടു. അഞ്ചു വർഷം അദ്ദേഹം അവിടെ പ്രവർത്തിച്ചു. നല്ല പെരുമാറ്റവും സൗകര്യങ്ങളും അന്തരീക്ഷവും സ്വാമിക്ക് അനുഭവപ്പെട്ടു. കുറെക്കാലം കഴിഞ്ഞപ്പോൾ അന്തരീക്ഷം മാറി. പുരോഹിത നേതൃത്വത്തിനു പകരം കമ്മറ്റിയൊക്കെ ആയപ്പോൾ, പലരുടെയും കൈകടത്തലും അൽപത്തങ്ങളുമൊക്കെയായി ആശ്രമാന്തരീക്ഷം അശാന്തമായി. സ്വാമിയാണെങ്കിൽ സ്വതസിദ്ധമായ ശൈലിയിൽ സുവിശേഷ പ്രവർത്തനത്തിന് പുതിയ വഴികൾ തെളിക്കാൻ ശ്രമിച്ചു. Christ, Christian asramam എന്നീ ലഘു ഗ്രന്ഥങ്ങൾ രചിച്ചു. ക്രിസ്ത്യൻ സ്കൂൾ ഓഫ് കൾച്ചർ, ഹോംലൈഫ് ആന്റ് സോഷ്യൽ സ്റ്റഡീസ് - എന്നീ പേരുകളിൽ യുവജനങ്ങൾക്കായി ഓരോ മാസം നീളുന്ന ക്ലാസ്സുകൾ നടത്തി. ഇവയൊക്കെ സഭയിൽ ഒരു പുതിയ കാൽവയ്പായിരുന്നു. ഇത് പിന്നീട് മറ്റ് സഭകളും പിന്തുടരാൻ തുടങ്ങി. ശൈശവം മുതൽ വാർദ്ധക്യം വരെ ജീവിതത്തിൽ ഗൃഹത്തിനും പുറത്തും സാമുദായികം, സാമ്പത്തികം, രാഷ്ട്രീയം, ദേശീയം തുടങ്ങിയ എല്ലാ രംഗങ്ങളിലും ഒരു ക്രിസ്ത്യാനി എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി സ്വാമി ഒരു പാഠ്യ പരിശീലന പദ്ധതി തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സുവിശേഷ പ്രചരണം മാറ്റണമെന്ന് സ്വാമി ആഗ്രഹിച്ചു. ഇതൊക്കെ പരിചയിക്കാൻ അക്രൈസ്തവർക്കു കൂടി അവസരം നൽകുന്നതായിരുന്നു അത്. പക്ഷെ, അതൊന്നും യാഥാസ്ഥിതികരായ ആ കമ്മറ്റി അച്ചായന്മാരുടെ തലയിൽ കയറുന്നതല്ലായിരുന്നു. സ്വാമിയെ അവർ പലതരത്തിലും തെറ്റിദ്ധരിക്കയും ചെയ്തു... അസൂയക്കാരും കുറവല്ലായിരുന്നു. എന്തിനധികം... സ്വാമി സ്വമനസ്സാലെ അവിടം വിട്ടു. അഞ്ചു വർഷക്കാലമാണ് സ്വാമി അവിടെ കഴിഞ്ഞത്. ഇനി സഭയുടെ ചട്ടക്കൂടിനു വെളിയിൽ സ്വതന്ത്രനായ സുവിശേഷകനാകാൻ സ്വാമി തീരുമാനിച്ചു... ഒന്നു ശ്രദ്ധിക്കണം: വിദ്യാഭ്യാസ പ്രചരണത്തിലൂടെ മതപരിവർത്തന പ്രവർത്തനങ്ങളിൽ മാത്രം കൂടുതലും ശ്രദ്ധിച്ചിരുന്ന സഭയുടെ പ്രവർത്തനങ്ങൾക്ക്, പുതിയൊരു കാഴ്ചപ്പാടും വഴിയുമൊരുക്കാൻ സ്വാമിയുടെ അക്കാലത്തെ പ്രവർത്തനം കൊണ്ടു സാധിച്ചു. സ്വാമി അവിടെ വച്ചു രചിച്ച ഗ്രന്ഥങ്ങളും നടത്തിയ യുവജന ക്ലാസ്സുകളും മറ്റും സഭാ പ്രവർത്തനത്തിന് പുതിയ മാനം നൽകുകയായിരുന്നു. ( അല്ല, ആ സഭാ കമ്മറ്റി അച്ചായന്മാർ മുമ്പ് ഈഴവസമുദായത്തിൽ നിന്നും മതം മാറിയവരായിരിക്കണം... അല്ലേ?...) സ്വാമിയെ നിലം തൊടീക്കുന്നില്ല അവിടെയും... ഇനിയെന്താണോ വരാനിരിക്കുന്നത്....? സഭാജീവിതം വിട്ട് സ്വാമികൾ പൊതുപൗരനായി വീട്ടിൽ കഴിയുന്നു.... ➖➖➖➖➖➖➖➖➖➖ കോട്ടയം ക്രിസ്തു ആശ്രമം വിടാൻ ഒരുങ്ങിയപ്പോൾ തെക്കൻ തമിഴ്നാട്ടിലെ കുഴിത്തുറയിലെ പരിചയക്കാരൻ പോൾവക്കീൽ സ്വാമികളെ അങ്ങോട്ടു ക്ഷണിച്ചു. അങ്ങനെ പോൾ വക്കീലിന്റെ വീട്ടിൽ താമസിച്ചു കൊണ്ട് തെക്കൻ തമിഴ് നാട്ടിൽ ഒട്ടേറെ പ്രസംഗങ്ങൾ നടത്തി. ഒപ്പം യേശുവിന്റെ ഗിരിപ്രഭാഷണത്തെ ഒരു സ്വതന്ത്ര വീക്ഷണത്തിൽ കണ്ട് ക്രിസ്തുയോഗം എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി. പണ്ഡിതരും പത്രങ്ങളും ആ പുസ്തകത്തെ ഏറെ പ്രശംസിച്ചെങ്കിലും ക്രിസ്ത്യാനികളുടെ പഴയ മനസ്സിന് അതത്ര ദഹിച്ചില്ല. 1953-ൽ സ്വാമിയുടെ വീട്ടിൽ നിന്നൊരു കത്ത് വന്നു. ജ്യേഷ്ഠന് സുഖമില്ലാത്തതിനാൽ വീട്ടിൽ വന്ന് നിൽക്കണമത്രെ. ഈഴവഗുരുവിന് ഒപ്പം പോയതിൽ കൂട്ടക്കാർ പണ്ടേ സ്വാമിയെ അവഗണിച്ചിരുന്നു. സ്നാനപ്പെട്ടപ്പോഴാകട്ടെ അവജ്ഞയുമായി. എങ്കിലും സ്വാമി ചെന്നു. പിന്നെയുള്ള 5 വർഷങ്ങൾ സ്വാമി വീട്ടിലാണ് താമസിച്ചത്. സ്വാമിക്കുള്ള കുടുംബസ്വത്ത് ഭാഗം വിറ്റ് ചെമ്പഴന്തിയിൽ മുടക്കിയത് വീട്ടുകാരുടെ എതിർപ്പോടെ ആയിരുന്നു. ഇന്നിതാ അവകാശമൊന്നും ഇല്ലാത്ത വീട്ടിൽ ചെന്ന് കിടക്കേണ്ടി വന്നിരിക്കുന്നു.... അവിടെ ക്ഷണമനുസരിച്ച് സ്വാമി പള്ളികളിൽ പോയി പ്രസംഗിച്ചു. അതേസമയം സ്വാമിയുടെ പാണ്ഡിത്യം അറിഞ്ഞിരുന്നവരുടെ ആഗ്രഹപ്രകാരം മിഷൻ ഓഫ് ഹിന്ദൂസ് എന്നൊരു പ്രസ്ഥാനവും തുടങ്ങി. അവർക്കായും സ്വാമി പ്രചരണം നടത്തി. ഇക്കാലത്ത് ഹിന്ദുമതവും ക്രിസ്തുമതവും, ക്രൈസ്തവ സർവ്വോദയയം, എന്നീ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി. സ്വതന്ത്ര ഇന്ത്യ എങ്ങോട്ട് എന്ന പുസ്തകം ദേശീയ നേതാക്കൾക്കെല്ലാം അയച്ചു കൊടുത്തു. ധർമ്മതീർത്ഥരിലെ രാഷ്ട്രമീമാംസകനെ ഈ ഗ്രന്ഥത്തിൽ കാണാം. ഭാരതത്തിന്റെ പലഭാഗത്തു നിന്നും അഭിനന്ദന കത്തുകൾ ലഭിക്കുകയുണ്ടായി. ഇക്കാലത്തും തമിഴ്നാട്ടിൽ പ്രസംഗങ്ങൾക്ക് പൊയ്ക്കൊണ്ടിരുന്നു. ശ്രദ്ധിച്ചോ?.... ഇപ്പോൾ സ്വാമി ഹിന്ദുക്കളുമായും ക്രിസ്ത്യാനികളുമായും പൊതു സമൂഹവുമായും ഇടപെട്ട് ഒരു പൊതുപൗരനായാണ് ഈ സമയം കഴിയുന്നത്. അതും സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ട്. ഇങ്ങനെ കഴിയുമ്പോൾ ഇതാ മറ്റൊരു ക്ഷണം സ്വാമിക്ക് വരുന്നു. നല്ലൊരു ഓഫർ ! പാവം സ്വാമി ! വീണ്ടും ഏടാകൂടത്തിലേക്ക്.... ധർമ്മതീർത്ഥ സ്വാമിയുടെ സത്യസന്ധതയ്ക്ക് സഭ നൽകിയ കൂലി..! ➖➖➖➖➖➖➖➖➖➖ തലശ്ശേരി ബാസൽ മിഷൻ ബിഷപ്പ് ധർമ്മതീർത്ഥരുടെ എഴുത്തും പ്രസംഗവും പ്രവർത്തനവുമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ മനുഷ്യൻ സഭയ്ക്ക് നല്ലൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം കണ്ടു. അദ്ദേഹം സ്വാമിയെ ജർമൻ മിഷനറിയായ മെക്കൊളയ്ക്ക് പരിചയപ്പെടുത്തി. മെകൊളയ്ക്ക് സ്വാമിയെ നന്നായി ബോധിച്ചു. സ്വാമിയുടെ കഴിവുകൾ മാത്രമല്ല ദാരിദ്ര്യവും മനസ്സിലാക്കിയ മെക്കൊള, ജർമനിയിൽ ബന്ധപ്പട്ട് മാസം തോറും സ്വാമിക്ക് ഒരു സ്റ്റെപന്റ് ലഭ്യമാക്കി. കേരള മഹായിടവകയുടെ കീഴിൽ ജർമ്മനിയിൽ നിന്നുള്ള സഹായം കൊണ്ട് ഒരു എഡ്യുകേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും സ്വാമിക്ക് അതിന്റെ ചുമതല നൽകാനും അവർ തീരുമാനിച്ചു. ഇത് സ്വാമികളുടെ കഴിവുകൾക്കുള്ള വലിയ അംഗീകാരമായിരുന്നു. താൻ വർഷങ്ങളായി സ്വപ്നം കാണുന്ന ചില പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ദൈവം തുറന്ന വഴിയായി ഇതിനെ സ്വാമി കണ്ടു സന്തോഷിച്ചു. നാട്ടിൽ താമസിക്കുമ്പോൾ, പള്ളിക്കാരോടു സഹകരിക്കുന്നതിൽ ഹിന്ദുക്കൾക്കും ഹിന്ദുക്കളോട് സഹകരിക്കുന്നതിൽ പള്ളിക്കാർക്കും സ്വാമിയോട് നീരസമുണ്ടായിരുന്നു. വീട്ടുകാർക്കും സ്വാമി ഒരു ബാധ്യതയായതു പോലെ തോന്നിച്ചിരുന്നു. അപ്പോഴാണ് ഈ സുവർണ്ണാവസരം കിട്ടുന്നത്. സ്വാമി അഞ്ചുവർഷത്തെ വീടു വാസം അവസാനിപ്പിച്ച്, തലശേരി മിഷ്യൻ ആസ്ഥാനത്തേക്ക് താമസം മാറ്റി. സഹായത്തിന് ഒരു യുവാവിനെയും കിട്ടി. എന്നാൽ.... കാര്യത്തോട് അടുത്തപ്പോൾ എഡ്യുക്കേഷനൽ ഇൻസ്റ്റിട്യൂട്ടിന്റെ ഭരണ സമിതിയിലേക്ക് സ്വാമി തിരഞ്ഞെടുക്കപ്പെട്ടില്ല. സഭാനായകരായ ചിലരുടെ കുത്തിത്തിരുപ്പുകളായിരുന്നു കാരണം. സ്വാമിയുടെ വരവ് തങ്ങളുടെ വിലയിടിക്കുമെന്ന് ഭയന്നായിരുന്നു ഈ പാലം വലി! സ്വാമി പല മനക്കോട്ടകൾ കെട്ടിയിരുന്നു. അത് നടപ്പാക്കാൻ മിഷൻ ടു ഹിന്ദൂസ് എന്നൊരു പ്രത്യേക സംഘം സ്ഥാപിച്ച് പ്രവർത്തിക്കാമെന്ന് സ്വാമിയുടെ അനുകൂലികൾ നിർദ്ദേശിച്ചു. ആദ്യം അതിനോട് യോജിച്ചെങ്കിലും, സ്വാമി തങ്ങളെക്കാൾ ശോഭിച്ചെങ്കിലോ എന്ന കുശുമ്പുമൂലമാവാം, സഭ അതിനെ ശക്തമായി എതിർക്കുകയാണ് ഉണ്ടായത്. സ്വാതന്ത്ര്യത്തിനു മുമ്പ് വന്ന വിദേശ മിഷനറിമാർ സമ്പാദിച്ച സ്വത്തുക്കൾ, ഇന്ത്യ സ്വതന്ത്രയായപ്പോൾ അതുപേക്ഷിച്ചിട്ട് വിദേശത്തേക്ക് പോയിരുന്നു. അങ്ങനെ ഒരു വ്യവസ്ഥയുമില്ലാതെ ധാരാളം സ്വത്തുക്കൾ പലയിടത്തായി വെറുതെ കിടന്നിരുന്നു. പണ്ട് ഗുരുദേവന് സമർപ്പിക്കപ്പെട്ട വസ്തുക്കൾ തേടിപ്പിടിച്ച് അവയ്ക്കെല്ലാം സ്വാമികൾ രേഖയുണ്ടാക്കിയിരുന്നല്ലൊ. അതുപോലെ, വിദേശ മിഷനറിമാർ ഉപേക്ഷിച്ചു പോയ സ്വത്തുക്കളെല്ലാം സഭയുടെ പേരിലാക്കാനുള്ള ഒരു നീക്കത്തിന് സ്വാമി ശ്രമിച്ചു. പക്ഷെ, ആ വക സ്വത്തുക്കൾ കൈവശം വച്ചിരുന്ന പാതിരിമാർക്കും പ്രമാണിമാർക്കും ഈ നീക്കം രസിച്ചില്ല. അവരുടെ കുത്തിത്തിരുപ്പാണ് ഇവിടെ നടന്നത്. സ്വാമിയുടെ ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും കിട്ടിയ കൂലി! ഇറക്കിവിടുന്നതിനു മുമ്പ് സ്വാമി അവിടെ നിന്നിറങ്ങി എന്നു പറയാം. എവിടേക്ക് പോകും ? ഇനിയെങ്ങനെ വീട്ടിലേക്ക് ചെല്ലും....? ദൈവമേ ഈ മനുഷ്യന്റെ ഒരു വിധി! ഇനിയെന്താണാവോ കാത്തിരിക്കുന്നത്....?
Show More
CLASSES